ADVERTISEMENT

ഭർത്താവിന്റെ സ്വയംതൊഴിൽ സംരംഭം 55 പേർക്കു തൊഴിൽനൽകുന്ന സ്ഥാപനമായി  വളർത്തിയെടുത്ത കഥയാണ് വീണ വേണുഗോപാലിനു പറയാനുള്ളത്. പാലക്കാട് ഷൊർണൂരിനടുത്ത് ആറാണിയിലാണ് അമൃത ഗാർമെന്റ് ആൻഡ് ഡിസൈനിങ് പ്രവർത്തിക്കുന്നത്.

എന്താണ് ബിസിനസ്?

സ്ത്രീകളുടെ അടിവസ്ത്രമായ ബ്രേസിയേഴ്സിന്റെ നിർമാണവും വിൽപനയുമാണു ചെയ്യുന്നത്. ഭർത്താവ് വേണുഗോപാലിന്റെ ചെറിയ തയ്യൽയൂണിറ്റ് വിപുലീകരിച്ചുകൊണ്ടുള്ള മുന്നേറ്റത്തിനിടയിൽ ഒട്ടേറെ പ്രതിസന്ധികളെ ഇവർക്ക് അതിജീവിക്കേണ്ടിവന്നു. 2007ൽ ബ്രേസിയേഴ്സ് നിർമാണത്തിലേക്കു കടന്ന സംരംഭം ‘ലേഡി ഫോം’ എന്ന ബ്രാൻഡിലാണു വിൽപന.  

തുരുമ്പിച്ച തയ്യൽമെഷീനിൽ തുടക്കം

വേണുഗോപാലിന്റെ യൂണിറ്റിൽ ആകെയുണ്ടായിരുന്ന തുരുമ്പെടുത്ത നാലു തയ്യൽ മെഷീനുകളിൽ നിന്നാണ് വീണയുടെ സ്വപ്നങ്ങൾക്കു  തുടക്കം. വസ്ത്രങ്ങൾ തുന്നിക്കൊടുത്താൽ കാര്യമായ ഗുണം കിട്ടില്ല എന്നു തിരിച്ചറിഞ്ഞ വീണയുടെ ലക്ഷ്യം സ്വന്തമായി ഒരു ബ്രാന്റഡ് ഉൽപന്നം വിപണിയിലെത്തിക്കുക എന്നതായിരുന്നു. ഉണ്ടായിരുന്ന മെഷീനുകളുമായി യൂണിറ്റു തുടങ്ങി. ഉൽപന്നത്തിന്റെ മേന്മകൊണ്ടും ഭാഗ്യംകൊണ്ടും ശോഭിക്കാനായെന്നു വീണ പറയുന്നു. അതോടെ കൂടുതൽ തുക ചെലവഴിച്ചു സ്ഥാപനം വിപുലീകരിച്ചു. 

സ്വന്തം യൂണിഫോം തുന്നിയ പരിചയം

സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ യൂണിഫോം സ്വയം തുന്നിയിരുന്ന വീണയ്ക്ക് അന്നുമുതലേ ഈ മേഖലയോടു വൈകാരികമായ താൽപര്യമുണ്ടായിരുന്നു. സ്റ്റിച്ചിങ്ങിന്റെ സാധ്യതകളും മേന്മകളും നൈപുണ്യവും ഒത്തുചേർന്നപ്പോൾ മത്സരത്തെ അതിജീവിക്കാൻ കഴിയുന്ന ഗാർമെന്റ് സംരംഭത്തെ വളർത്തിയെടുക്കുവാന്‍ കഴിഞ്ഞു.

55 പേർക്കു തൊഴിൽ 

53 സ്ത്രീകൾ ഇപ്പോൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാർക്കറ്റിങ്ങിനു മാത്രമാണ് രണ്ടു പുരുഷന്മാരുള്ളത്. ഭർത്താവും ഒപ്പമുണ്ട്. 5,000 ചതുരശ്രയടി കെട്ടിടം വാടകയ്ക്കെടുത്താണ് പ്രവർത്തനം. കട്ടിങ് മെഷീനുകൾ, ബാന്റ് നൈഫ് മെഷീൻ, സ്റ്റീം അയണിങ് മെഷീനുകൾ തുടങ്ങി 45 പവർ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 40 ലക്ഷം രൂപയോളം  മുടക്കി. ബാങ്കുവായ്പയെടുത്താണ് മെഷീനറികൾ വാങ്ങിയത്. കൂടാതെ 45 ലക്ഷം രൂപയുടെ ഓവർ ഡ്രാഫ്റ്റും ലഭിച്ചു. വായ്പയെടുത്തെങ്കിലും സർക്കാർ സബ്സിഡിക്കായി ശ്രമിച്ചിട്ടില്ല.

സംരംഭം ആരംഭിക്കുമ്പോൾ ഏറെ ഭയപ്പെട്ടത് മത്സരത്തെക്കുറിച്ചാണ്. ഭീമന്മാരായ ബ്രാന്റഡ് / മൾട്ടിനാഷനൽ കമ്പനികളുമായി മത്സരിച്ചു പിടിച്ചുനിൽക്കുക  എന്നതു വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ഗുണനിലവാരം ഉറപ്പാക്കിയാൽ ചെറിയ സംരംഭകർക്കും സാധ്യതകൾ തുറന്നുകിട്ടും എന്നാണ് വീണയുടെ അനുഭവം. ഗുണമേന്മകൊണ്ടു മാത്രമാണ് ഞങ്ങൾക്കു വളരാനായതെന്നു വീണ പറയുന്നു.  

വിതരണക്കാർവഴിയും നേരിട്ടും

തുടക്കത്തിൽ വിൽപന വലിയ പ്രശ്നമായിരുന്നു.  പല ഷോപ്പുകാരും സാമ്പിൾ കാണാൻപോലും കൂട്ടാക്കിയില്ല. എന്നാൽ സാമ്പിൾ കാണാനും വിലയിരുത്താനും തയാറായ കടകൾ കസ്റ്റമേഴ്സായിമാറി. വാങ്ങിയവർ വീണ്ടും ചോദിച്ചുവരുന്ന സ്ഥിതിയുണ്ടായതോടെ പതുക്കെ ഒട്ടേറെ വിതരണക്കാർ സമീപിച്ചു. പാലക്കാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വിതരണക്കാരുണ്ട്. ഇപ്പോൾ സ്ഥിരം കസ്റ്റമേഴ്സായി. മാസം 10–25 ലക്ഷം രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. അതിൽ 15മുതൽ 20%വരെയാണ് അറ്റാദായം.

ശ്രദ്ധിക്കുന്ന കാര്യങ്ങള്‍

∙     ഗുണമേന്മ ഉറപ്പാക്കി, സ്റ്റിച്ചിങ്ങിൽ ഉൾപ്പെടെ ന്യൂനതകളില്ലായെന്ന് ഉറപ്പാക്കുന്നു.

∙     മെഷർമെന്റും ഫിറ്റിങ്സും കൃത്യമാക്കി കസ്റ്റമൈസ്ഡ് എന്നു പറയാവുന്നവിധമുള്ള  നിർമാണം.

∙     ആർക്കും യോജിക്കുന്ന, വൈവിധ്യമാർന്ന മോഡലുകൾ. ട്രെൻഡുകൾക്കനുസരിച്ചുള്ള ഡിസൈൻ. മികച്ച ഡിസൈനർമാരുടെ സേവനം.  

∙     വിപണിവിലയെക്കാൾ 10% കുറഞ്ഞ വില. 

∙    ഓർഡർ ലഭിച്ചാൽ കൃത്യസമയത്തു ഡെലിവറി.

 പ്രതികൂല ഘടകങ്ങൾ

∙    അസംസ്കൃത വസ്തുക്കളുടെ വിലവർധന.    അന്യസംസ്ഥാനങ്ങളിൽനിന്നുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കാനുള്ള അധികച്ചെലവ്.

∙    ക്രെഡിറ്റ് വിൽപന

∙    കഴിവുള്ള ജീവനക്കാരും ശ്രദ്ധയും വേണ്ട ജോലി. എപ്പോഴും ശരിയായ മേൽനോട്ടം വേണം.

വൈവിധ്യവൽക്കരണം

മാത്തമാറ്റിക്സ് ബിരുദധാരിയായ വീണയ്ക്ക് കണക്കുകൂട്ടലുകൾ ഏറെയാണ്. അതിന്റെ ഭാഗമായി കുട്ടികളുടെ വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള പാർട്ടിവെയറുകൾ, പട്ടുപാവാടപോലുള്ള പാരമ്പര്യ വസ്ത്രങ്ങൾ, വെഡ്ഡിങ് ഗൗണുകൾ, മെറ്റേണിറ്റി വെയറുകൾ എന്നിവയുടെ ഉൽപാദനത്തിലേക്കും കടന്നുകഴിഞ്ഞു.  

ഏറ്റവും മികച്ച ഡിൈസനാണ് ഇവിടെ പ്രധാനം എന്നതിനാൽ വിദഗ്ധരായ ഡിസൈനർമാരെ കണ്ടെത്തി നിയമിച്ചുവരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതില്ല എന്നത് അനുകൂലമാണ്. സ്ത്രീകൾക്ക് പരിശീലനം നൽകി സ്ഥിരപ്പെടുത്തുന്ന രീതിയാണ് ഇവിടെ. ‘ഡിവിഷൻ ഓഫ് ലേബർ’ അടിസ്ഥാനത്തിലാണു വർക്ക് നൽകുന്നത്. ഒരു ബ്രേസിയറിന്റെ 5 ഭാഗങ്ങൾ 5 പേർ ചേർന്നാണു സ്റ്റിച്ച് ചെയ്യുന്നത്. അതുകൊണ്ട് പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും തൊഴിൽ നൽകാനാകുന്നു. ചെയ്യുന്ന ജോലിയിൽ ശ്രദ്ധിച്ചാൽ പരിശീലനം നേടി വൈദഗ്ധ്യം നേടാനും അതുവഴി വരുമാനം കൂട്ടാനും ഇവർക്കു കഴിയും.  

പുതുസംരംഭകരോട്  

ഗാർമെന്റ് മേഖലയിൽ അവസരങ്ങൾ ധാരാളമാണ്. ഡിൈസൻഡ് ഗാർമെന്റുകൾ വിൽക്കാനായാൽ മികച്ച ലാഭം നേടാം. ഇന്നർ‌വെയറുകൾ, മാര്യേജ് ഗൗണുകൾ, പാർട്ടിവെയറുകൾ, കുട്ടിക്കുപ്പായങ്ങൾ എന്നിവയെല്ലാം നന്നായി ഡിസൈൻ ചെയ്തു പുറത്തിറക്കണം. സോഷ്യൽമീഡിയവഴിയും മാർക്കറ്റിങ്ങും വിൽപനയും നടത്താം. ഒരു ലക്ഷം രൂപ മുടക്കിയാൽ 4 പവർമെഷീനുകളുമായി യൂണിറ്റ് ആരംഭിക്കാം. വിപണി വലുതാകുന്നതനുസരിച്ച് ഉൽപാദനം കൂട്ടിയാൽമതി. നാലു പേർ ചേർന്നു മാസം നാലു ലക്ഷം രൂപയുടെ വിൽപന നേടിയാൽ തുടക്കത്തിൽ 60,000 രൂപവരെ അറ്റാദായം നേടാനാകും.

ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പിലെ മുൻ ഡെപ്യൂട്ടി ‍ഡയറക്ടറാണ്

സമ്പാദ്യത്തിന്റെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Discover the inspiring success story of Veena Venugopal, who built Amrutha Garment and Designing from four rusty sewing machines into a thriving garment business in Palakkad, Kerala. Learn her secrets to success and advice for aspiring entrepreneurs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com