കെഎഫ്സിക്ക് റെക്കോർഡ് ലാഭം; വായ്പ ആസ്‌തി 10,000 കോടി രൂപയിലേക്ക്

Mail This Article
തിരുവനന്തപുരം ∙ കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്സി) മുൻവർഷത്തെക്കാൾ 32.56 % വർധനയോടെ 98.16 കോടി രൂപയുടെ അറ്റാദായവുമായി റെക്കോർഡ് നേട്ടം. വായ്പ ആസ്‌തി 8,011.99 കോടി രൂപയിലെത്തി. സർക്കാർ 920 കോടി രൂപയാണ് ഇതുവരെ കോർപറേഷനിൽ നടത്തിയ മൂലധന നിക്ഷേപം. ഇതിൽ 500 കോടി ഈ സർക്കാരിന്റെ കാലത്താണ്.
ചെറുകിട സംരംഭകർക്ക് 5% പലിശയിൽ വായ്പ നൽകി. ആകെ നിഷ്ക്രിയ ആസ്തി 2.88 % എന്നത് 2.67 % ആയും അറ്റ നിഷ്ക്രിയ ആസ്തി 0.68 % എന്നത് 0.61 % ആയും കുറച്ചു.ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി 4,002.57 കോടി രൂപയുടെ വായ്പ അനുവദിച്ചു.
ആകെ വായ്പാ വിതരണം 3,918.40 കോടി രൂപയും ആകെ തിരിച്ചടവ് 3,980.76 കോടി രൂപയുമാണെന്ന് മാനേജിങ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെ 10,000 കോടി രൂപയുടെ വായ്പ പോർട്ഫോളിയോ നേടാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.