ADVERTISEMENT

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയും ആഗോള വാണിജ്യ, വ്യവസായ ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025ന്റെ ആദ്യ ത്രൈമാസമായ ജനുവരി-മാർച്ചിൽ 5.4 ശതമാനം വളർന്നു. 5.1 ശതമാനം വരെ വളർച്ചയാണ് റോയിട്ടേഴ്സ് ഉൾപ്പെടെ പ്രവചിച്ചിരുന്നത്. 

മുങ്ങുന്ന സമ്പദ്‍വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകാനായി ചൈനീസ് ഭരണകൂടവും കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും നടപ്പാക്കിയ ഉത്തേജക പദ്ധതികളാണ് ജിഡിപിക്ക് കരുത്തായതെന്നാണ് വിലയിരുത്തൽ. മാർച്ചിൽ റീട്ടെയ്ൽ വിൽപന 5.9 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഇതും അനലിസ്റ്റുകൾ പ്രതീക്ഷിച്ച 4.2 ശതമാനത്തെ കടത്തിവെട്ടി.

China's President Xi Jinping drinks tea as he attends the opening ceremony of the Chinese People's Political Consultative Conference (CPPCC) at the Great Hall of the People in Beijing on March 4, 2024. (Photo by JADE GAO / AFP)
FILE PHOTO - China's President Xi Jinping (Photo by JADE GAO / AFP)

വ്യാവസായിക ഉൽപാദന വളർച്ച 5.8 ശതമാനം പ്രതീക്ഷിച്ചിടത്ത് 7.7 ശതമാനമായി എന്നതും ചൈനയ്ക്ക് വൻ ആശ്വാസമാണ്. 2021 ജൂണിനുശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാണിത്. ഫിക്സഡ് അസറ്റ് നിക്ഷേപം 4.1 ശതമാനമെന്ന അനുമാനത്തേക്കാൾ മെച്ചപ്പെട്ട് 4.2 ശതമാനമാണ്. അതേസമയം, സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് രംഗം 9.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നത് ആശങ്കയായി തുടരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മനിരക്ക് ഫെബ്രുവരിയിൽ രണ്ടുവർഷത്തെ ഉയരമായ 5.4 ശതമാനമായിരുന്നു. മാർച്ചിൽ ഇത് 5.2 ശതമാനത്തിലേക്ക് നേരിയതോതിൽ താഴ്ന്നതും നേട്ടമാണ്.

കാത്തിരിക്കുന്നത് ട്രംപാഘാതം

ചൈനയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത പകരച്ചുങ്കത്തിന്റെ പ്രതിഫലനം പൂർണതോതിൽ അനുഭവപ്പെടുംമുമ്പുള്ള ജിഡിപി കണക്കുകളും മറ്റുമാണ് ഇപ്പോൾ പുറത്തുവന്നത്. ഈ പാദം (ഏപ്രിൽ-ജൂൺ) മുതൽക്കാകും പകരച്ചുങ്കത്തിന്റെ ആഘാതം ചൈന നേരിട്ടുതുടങ്ങുക.

china-7-

ചൈനയ്ക്കുമേൽ 145% വരെ പകരച്ചുങ്കമാണ് ട്രംപ് ഏർപ്പെടുത്തിയിരുന്നത്. യുഎസ് ഉൽപന്നങ്ങൾക്കുമേൽ ചൈന 125 ശതമാനം താരിഫും ഈടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ, യുഎസ് വിമാന നിർമാണക്കമ്പനിയായ ബോയിങ്ങിനു നൽകിയ ഓർഡറുകൾ പിൻവലിച്ച്, ആഭ്യന്തര കമ്പനികൾക്ക് ഓർഡർ നൽകാനുള്ള ചൈനയുടെ തീരുമാനവും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇതോടെ, ഇപ്പോൾ‌ ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 245 ശതമാനമാക്കി ഉയർത്തിയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

ഷി ചിൻപിങ്, ഡോണൾഡ് ട്രംപ്
ഷി ചിൻപിങ്, ഡോണൾഡ് ട്രംപ്

വളർച്ചാപ്രതീക്ഷ വെട്ടിക്കുറച്ചു

താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ 2025 വർഷത്തെ വളർച്ചാ അനുമാനം പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്. യുബിഎസ് 4ൽ നിന്ന് 3.4 ശതമാനത്തിലേക്കും ഗോൾഡ്മാൻ സാക്സ് 4.5ൽ നിന്ന് 4 ശതമാനത്തിലേക്കുമാണ് കുറച്ചത്. 

യുഎസിലേക്കുള്ള ചൈനയുടെ കയറ്റുമതി കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറയുകയുമാണ്. 2018ൽ ചൈനയുടെ മൊത്തം കയറ്റുമതിയിൽ 19.2 ശതമാനം യുഎസിലേക്കായിരുന്നെങ്കിൽ 2024ൽ ഇതു 14.7 ശതമാനം മാത്രമാണ്. മറ്റു വിപണികളിലേക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യതയാണ് ചൈന ഇപ്പോൾ തേടുന്നത്. പകരച്ചുങ്കം മൂലം സാമ്പത്തികമേഖല നേരിട്ടേക്കാവുന്ന തിരിച്ചടിയുടെ ആഘാതം കുറയ്ക്കാൻ ചൈനീസ് ഭരണകൂടം കൂടുതൽ ഉത്തേജക പദ്ധതികളും പ്രഖ്യാപിച്ചേക്കും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

China’s first-quarter GDP tops estimates at 5.4% as growth momentum continues amid tariff worries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com