ബിറ്റ്കോയിൻ വീണ്ടും ‘ലക്ഷപ്രഭു’; മറ്റു ക്രിപ്റ്റോകറൻസികളിലും കുതിപ്പ്, പൊടുന്നനെ എന്തുകൊണ്ട് ഈ കയറ്റം?

Mail This Article
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ (Cryptocurrency) ബിറ്റ്കോയിന്റെ (Bitcoin) വില വീണ്ടും കുതിച്ചുയർന്ന് ഒരുലക്ഷം ഡോളറിന് മുകളിലെത്തി. 1.7 ശതമാനത്തോളം ഉയർന്ന് 1.03 ലക്ഷം ഡോളറാണ് നിലവിൽ വില (ഏകദേശം 86 ലക്ഷം രൂപ). ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തിയായ യുഎസും മുൻനിര സമ്പദ്‍വ്യവസ്ഥകളിലൊന്നായ യുകെയും തമ്മിലെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്ന പശ്ചാത്തലത്തിലാണ് ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളുടെ മുന്നേറ്റം.

കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ബിറ്റ്കോയിൻ ആദ്യമായാണ് ഒരുലക്ഷം ഡോളർ ഭേദിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിനുശേഷം യുഎസുമായി വ്യാപാരക്കരാറിൽ ഏർപ്പെടുന്ന ആദ്യ രാഷ്ട്രമാണ് യുകെ. ചൈനയും ഇന്ത്യയും ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായും യുഎസിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. താരിഫ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്ന സൂചനയാണ് ഇതു നിക്ഷേപകലോകത്തിന് നൽകുന്നതും. ഇതാണ്, ഡിജിറ്റൽ നിക്ഷേപ മാർഗങ്ങളോട് വീണ്ടും പ്രിയം കൂടാനും ക്രിപ്റ്റോകളുടെ വില മെച്ചപ്പെടാനും കാരണം.

ട്രംപ് ഭരണകൂടം ക്രിപ്റ്റോ അനുകൂല നിലപാട് സ്വീകരിക്കുന്നതും നേട്ടമാണ്. മറ്റ് പ്രമുഖ ക്രിപ്റ്റോകറൻസികളായ എഥറിയം 6.94 ശതമാനം, എക്സ്ആർപി 2.60 ശതമാനം, സൊലാന 2.92 ശതമാനം എന്നിങ്ങനെയും ഉയർന്നിട്ടുണ്ട്. മൊത്തം രണ്ടുലക്ഷം കോടി ഡോളർ മൂല്യവുമായി ആമസോണിനെ പിന്തള്ളി ബിറ്റ്കോയിൻ ആസ്തിമൂല്യത്തിൽ ലോകത്തെ 5-ാം സ്ഥാനത്തെത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്താണ് ക്രിപ്റ്റോകറൻസി?
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഡിജിറ്റൽ/വിർച്വൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ. കേന്ദ്രീകൃത നിയന്ത്രണ ഏജൻസികളില്ലാത്തവയാണിവ. രൂപ ഉൾപ്പെടെ ലോകത്തെ അംഗീകൃത കറൻസികളെ നിയന്ത്രിക്കാൻ അതത് രാജ്യങ്ങളിലെ കേന്ദ്രസർക്കാരും കേന്ദ്രബാങ്കുകളുമുണ്ട്. എന്നാൽ, ക്രിപ്റ്റോകറൻസികൾ സ്വതന്ത്രമാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയതും സ്വീകാര്യതയുള്ളതുമായ ക്രിപ്റ്റോകറൻസിയാമ് ബിറ്റ്കോയിൻ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)