വമ്പൻ തട്ടിപ്പ് നടന്ന കമ്പനിയുടെ ഓഹരിവില ഇന്ന് 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ; വഴിയൊരുക്കി സെബിയുടെ ഇടപെടൽ

Mail This Article
കഴിഞ്ഞ 10 മാസത്തിനിടെ 1,124 രൂപയിൽ നിന്ന് വെറും 51 രൂപയിലേക്ക് നിലംപൊത്തിയ ജെൻസോൾ എൻജിനിയറിങ്ങിന്റെ (Gensol Engineering) ഓഹരികൾ ഇന്നുള്ളത് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിൽ 56.64 രൂപയിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 57 ശതമാനവും ഒരുവർഷത്തിനിടെ 94 ശതമാനവും താഴേക്കുപോയ ഓഹരിയാണിത്. ഏകദേശം 4,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം ഇപ്പോഴുള്ളത് 215 കോടി രൂപയിലും. സെബിയുടെ (SEBI) ഇടപെടലിനെ തുടർന്ന് കമ്പനിയുടെ പ്രൊമോട്ടർമാരും സഹോദരങ്ങളുമായ അൻമോൽ സിങ് ജഗ്ഗി (Anmol Singh Jaggi), പുനീത് സിങ് ജഗ്ഗി (Puneet Singh Jaggi) എന്നിവർ രാജിവച്ചൊഴിഞ്ഞതാണ് ഇന്ന് ഓഹരിവില കയറാൻ കാരണം.
അൻമോൽ മാനേജിങ് ഡയറക്ടറും പുനീത് മുഴുവൻ-സമയ ഡയറക്ടറുമായിരുന്നു. പണംതിരിമറിയും ഓഹരികളിൽ കൃത്രിമമവും കണ്ടെത്തിയതിനെ തുടർന്ന് ജഗ്ഗി സഹോദരന്മാരെ കഴിഞ്ഞമാസം കമ്പനിയുടെ മാനേജ്മെന്റ് ചുമതല വഹിക്കുന്നതിൽ നിന്നും ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്നും സെബി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി.
ഇലക്ട്രിക് വാഹന രംഗത്തും ഹരിതോർജ മേഖലയിലും പ്രവർത്തിക്കുന്ന കമ്പനിയാണ് ജെൻസോൾ എൻജിനിയറിങ്. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇലക്ട്രിക് ഓൺലൈൻ ടാക്സി കമ്പനിയായ ബ്ലൂസ്മാർടിന്റെ മാതൃസ്ഥാപനവുമാണിത്. ജഗ്ഗി സഹോദരന്മാർ നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം.
14-ാം നാളിലും തരിപ്പണമായി ജെൻസോൾ ഓഹരി; വിപണിമൂല്യത്തിൽ ഇടിഞ്ഞത് 55%
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)