ലിസ്റ്റിങ്ങിൽ വൻ നേട്ടവുമായി എച്ച്ഡിബി ഫിനാൻഷ്യൽ; വിപണിമൂല്യത്തിൽ എട്ടാമത്തെ എൻബിഎഫ്സി, ഓഹരിക്ക് മുന്നേറ്റം

Mail This Article
ഇന്ന് രാവിലെ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ് ചെയ്ത് 835 രൂപയിൽ വ്യാപാരം തുടങ്ങിയ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണിമൂല്യം ഉയർന്ന് 70,200 കോടി രൂപയിലെത്തി. ലിസ്റ്റിങിനു ശേഷം ഓഹരി വില 849.85 രൂപ വരെ ഉയര്‍ന്ന ശേഷം 842.25 രൂപയിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്. ഇതോടെ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ എട്ടാമത്തെ വലിയ എന്‍ബിഎഫ്‌സി ആയി മാറി. ജൂണ്‍ 24 മുതല്‍ 27 വരെ നടന്ന ഈ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. ഐപിഒ 17.65 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.
വലുപ്പത്തിൽ നാലാമത്
ഐപിഒയ്ക്ക് 740 രൂപയായിരുന്ന ഓഹരി ലിസ്റ്റിങ് വേളയിൽ 12.84 ശതമാനം ഉയർന്ന് 835 രൂപയിലെത്തിയിരുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉപകമ്പനിയായ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ ഹ്യൂണ്ടായ്, എൽഐസി, പേയ്ടിഎം എന്നിവയ്ക്ക് പിന്നാലെയുള്ള നാലാമത്തെ വമ്പൻ ഐപിഒ ആണ്. ഐപിഒ 17 ശതമാനത്തിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. റീട്ടെയിൽ വായ്പാ രംഗത്ത് സജീവമാണ് എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്.
ഐപിഒയിലൂടെ 12,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ബാങ്കിതര മേഖലയിലുള്ള ഒരു സ്ഥാപനം നടത്തിയ ഏറ്റവും വലിയ ഐപിഒ ആയിരുന്നിത്. 2,500 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരായ എച്ച്ഡഎഫ്സി ബാങ്കിന്റെ 10,000 കോടി രൂപയുടെ നിലവിലുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രേമാർക്കറ്റിൽ 1000 രൂപക്ക് മുകളിൽ വ്യാപാരം നടന്നിരുന്ന എച്ച്ഡിബി ഫിനാൻഷ്യലിന്റെ ഐപിഒ വില നിരക്ക് 700-740 രൂപയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹ്യൂണ്ടായി മോട്ടോഴ്സിന്റെ 27,870കോടി രൂപയുടെ ഐപിഒയ്ക്ക് ശേഷം അടുത്ത വലിയ ഐപിഒ യുമായിരുന്നു ഇത്.
വിപണിമൂല്യത്തിൽ മുന്നേറ്റം
നിലവിലെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ എന്‍ബിഎഫ്‌സി 5.77 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബജാജ് ഫിനാന്‍സ് ആണ്. രണ്ടാം സ്ഥാനം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനും, 2.07 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം. ചോളമണ്‌ഡലം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ( 1.31 ലക്ഷം കോടി രൂപ), ശ്രീറാം ഫിനാന്‍സ് ( 1.28 ലക്ഷം കോടി രൂപ), മുത്തൂറ്റ് ഫിനാന്‍സ് ( 1.05 ലക്ഷം കോടി രൂപ), എസ്‌ബിഐ കാര്‍ഡ്‌സ് (87,017 കോടി രൂപ), ആദിത്യ ബിര്‍ള കാപ്പിറ്റല്‍ (71,324 കോടി രൂപ) എന്നിവയാണ് യഥാക്രമം എച്ഡിബിക്ക് മുമ്പിലുള്ള എന്‍ബിഎഫ്‌സികള്‍.