കാലവർഷം കേരളത്തിൽ മേയ് 27ന്; അഞ്ച് ദിവസം നേരത്തെ

Mail This Article
2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 27ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയിലും 5 ദിവസം നേരത്തെയാണിത്. ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ വിദ്ഗധർ പറയുന്നു. മേയ് 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുന്നത് പറയുന്നു.

കേരളത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 2018.6 മില്ലിമീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 1748 മില്ലിമീറ്റർ മഴ (13% കുറവ്) മാത്രമായിരുന്നു ലഭിച്ചത്. തമിഴ്നാട്, ലഡാക്ക്, വടക്ക്–കിഴക്ക് ഇന്ത്യ ഒഴികെ, രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന. പസിഫിക് / ഇന്ത്യൻ മഹാ സമുദ്രത്തിലെ ഉപരിതല താപനില സാഹചര്യം നിലവിലെ ന്യൂട്രൽ സ്ഥിതി മൺസൂൺ സീസണിലും തുടരാൻ സാധ്യത. പൊതുവിൽ പസിഫിക്ക്, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള സിഗ്നലുകൾ ഇത്തവണ കാലവർഷത്തിന് അനുകൂല സൂചനകൾ നൽകുന്നുണ്ട്.

മഴയുടെ തീവ്രത വർധിക്കുമെന്ന് പഠനം
സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളുടെയും ഊർജപ്രവാഹത്തിന്റെയും ഏറ്റക്കുറച്ചിലുകൾ മുതൽ ദീർഘകാല കാലാവസ്ഥയിലെ ആവർത്തനാത്മക സ്വഭാവം വരെ മൺസൂണിനെ ബാധിക്കുന്നതായി കേന്ദ്ര സർവകലാശാലാ ഗവേഷകർ കണ്ടെത്തിയിരുന്നു. 2018 ലെ കനത്ത മഴയും വയനാട്ടിലെയും കുടകിലെയും ഉരുൾപൊട്ടലുകളും മഴയിലെ ഈ ദീർഘകാല വർധനവിന്റെ ഭാഗമാകാം എന്ന നിർണായക വാദവും ഗവേഷകർ പങ്കുവയ്ക്കുന്നു. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.

മൺസൂൺ മഴയല്ല
മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്.മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.