‘പറിച്ചെടുത്താൽ നിലവിളിക്കും, ആളുകളെ കൊന്ന് ചോരകുടിക്കും, മനുഷ്യമുഖമുള്ള പഴം വിളയും’; പേടിപ്പിച്ച സസ്യങ്ങൾ

Mail This Article
പ്രാചീനലോകത്ത് സസ്യങ്ങളെപ്പറ്റി പേടിപ്പിക്കുന്ന അനേകം മിത്തുകൾ നിലനിന്നിരുന്നു. ഇതിൽ ഏറ്റവും പ്രശസ്തമായത് മാൻഡ്രേക് എന്ന ചെടിയെക്കുറിച്ചാണ്. ദീർഘകാലം നിൽക്കുന്ന ഒരു സസ്യമാണ് മാൻഡ്രേക്. സോലനാഷ്യെ എന്ന സസ്യകുടുംബത്തിലെ മാൻഡ്രഗോറ എന്ന ജനുസ്സിൽപെട്ട ഇവ മെഡിറ്ററേനിയൻ, മധ്യേഷ്യൻ മേഖലകളിൽ സാധാരണയായി കാണപ്പെടുന്നു. മാന്ത്രിക സസ്യം എന്നറിയപ്പെട്ടിരുന്ന മാൻഡ്രേക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളും നിലനിന്നിരുന്നു.
അന്നത്തെ വിശ്വാസം മാൻഡ്രേക്ക് ചെടി മണ്ണിൽ നിന്ന് പിഴുതെടുത്താൽ അത് ഉയർന്ന ശബ്ദത്തിൽ കരയുമെന്നായിരുന്നു. ഈ കരച്ചിൽ കേൾക്കുന്നവരെല്ലാം മരിക്കും. ഈ വിശ്വാസം ശക്തമായി നിലനിന്നതിനാൽ മാൻഡ്രേക്ക് ചെടി പറിച്ചെടുക്കുന്നത് വലിയ ഒരു ചടങ്ങായിരുന്നു. ഒരു നായയെ ചെടിയുടെ തണ്ടിലേക്കു കെട്ടിയിട്ട് അതിന്റെ മുന്നിലായി ഭക്ഷണം വയ്ക്കും. ആ ഭക്ഷണം എടുക്കാനായി നായ ചാടുമ്പോൾ തണ്ട് വലിഞ്ഞ് മാൻഡ്രേക്കിന്റെ വേരുകൾ പുറത്തെത്തും. ഉടനടി തന്നെ നായ ചത്തുപോകുമെന്നും യൂറോപ്യർ വിശ്വസിച്ചു. പിൽക്കാലത്ത് മാൻഡ്രേക്ക് എന്ന പ്രശസ്തമായ കാർട്ടൂൺ സ്ട്രിപ് കഥാപാത്രത്തിനു പേരു കിട്ടിയതും ഈ ചെടിയുമായി ബന്ധപ്പെട്ടാണ്. മാന്ത്രികത നിറഞ്ഞ സസ്യമായിട്ടാണ് ചരിത്രകാല ജനത മാൻഡ്രേക്കിനെ കരുതിയത്. മന്ത്രവാദിനികൾ പറക്കാനുപയോഗിക്കുന്ന കുഴമ്പിൽ ഇതുപയോഗിക്കുന്നുണ്ടെന്നായിരുന്നു യൂറോപ്യർ കരുതിയിരുന്നത്.

മധ്യഅമേരിക്കൻ, ആഫ്രിക്കൻ മേഖലകളിൽ സ്ഥിതി ചെയ്യുന്നതായി യൂറോപ്യൻ സഞ്ചാരികൾ പറഞ്ഞിരുന്ന സസ്യമാണ് യാ ടി വിയോ. നീരാളിക്കൈകൾ പോലുള്ള ശിഖരങ്ങൾ ഈ വൃക്ഷങ്ങൾക്കുണ്ടായിരുന്നെന്നു സഞ്ചാരികൾ പറഞ്ഞുവച്ചു. ഇതിന്റെ തടിയിൽ കൂർത്ത മുള്ളുകൾ ഉണ്ടത്രേ. ആളുകൾ ഇതിനു സമീപത്തെത്തിയാൽ ഈ മരം കൊമ്പുകൾ കൊണ്ട് അവരെ വലിച്ചടുപ്പിച്ച്, തന്റെ മുള്ളുകളാൽ കൊന്ന് ചോര കുടിക്കുമെന്നായിരുന്നു കെട്ടുകഥ. എന്നാൽ ഇങ്ങനെയൊരു സസ്യം ഇതുവരെയും കണ്ടെത്തിയിട്ടില്ല. സഞ്ചാരികളുടെ ഭാവന മാത്രമാണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്.
കെൽറ്റിക്, ബ്രിട്ടിഷ് നാടോടിക്കഥകളിൽ ചെകുത്താന്റെ കുടുക്ക് എന്നൊരു വള്ളിച്ചെടിയെപ്പറ്റി പറയുന്നുണ്ട്. ഈ ചെടി രാത്രിയിൽ ഇഴഞ്ഞുനീങ്ങി സഞ്ചാരികളെ കുടുക്കിൽപെടുത്തുമെന്നായിരുന്നു വിശ്വാസം. ചിലയിനം വള്ളിച്ചെടികളൊക്കെ ഈ സസ്യമാണെന്നായിരുന്നു അന്നാട്ടിലെ തദ്ദേശീയരുടെ വിശ്വാസം. പൗരാണിക ജപ്പാനിൽ ജിൻമെൻജു എന്നൊരു മരത്തെപ്പറ്റിയും കെട്ടുകഥകളുണ്ടായിരുന്നു. വിദൂരമലകളിൽ നിൽക്കുന്നതാണ് ഈ മരമെന്നായിരുന്നു അന്നത്തെ വി്ശ്വാസം. ഇതിലുണ്ടാകുന്ന പഴങ്ങൾക്ക് മനുഷ്യമുഖമാണത്രേ. ഈ പഴങ്ങൾ പൊട്ടിച്ചിരിക്കുകയും നിലവിളിക്കുകയുമൊക്കെ ചെയ്യുമത്രേ. പഴം അബദ്ധത്തിൽ തിന്നാൽ ശാപം കിട്ടുമെന്നും തിന്നുന്നയാളുടെ മുഖമുള്ള പഴങ്ങൾ ഈ മരത്തിലുണ്ടാകുമെന്നും ജപ്പാൻകാർ വിശ്വസിച്ചു.