ഉപേക്ഷിക്കപ്പെട്ട റെയിൽവേയിൽ തെളിയുന്ന പ്രേത വിളക്കുകൾ; ഭൂകമ്പ സൂചനയോ?

Mail This Article
സൗത്ത് കരോലിനയിലെ സമ്മർവില്ലെയുടെ സമീപപ്രദേശങ്ങളിൽ വസിക്കുന്നവർ കാലങ്ങളായി ഭീതിയിലാണ്. അങ്ങനെയിരിക്കുമ്പോൾ ഓർക്കാപ്പുറത്ത് ഈ പ്രദേശത്ത് നിഗൂഢമായ വിളക്കുകൾ തെളിയും. പല നിറത്തിലാണ് പ്രകാശഗോളം തെളിയുന്നത്. മനുഷ്യന്റെ ഇടപെടലൊന്നുമില്ലാതെ എങ്ങനെ സംഭവിക്കുന്നുവെന്നത് നാട്ടുകാരിൽ ചെറിയ ആശങ്കകളല്ല സൃഷ്ടിച്ചത്. മുൻകാലത്ത് ഒരു റെയിൽവേ ലൈൻ കടന്നുപോയിരുന്ന ഭാഗത്താണ് പ്രധാനമായും ഈ വിളക്കുകൾ കാണപ്പെടുന്നത്. വിളക്കുകൾ ആദ്യമായി കണ്ടെത്തിയ കാലംമുതൽ അതിനെ ചുറ്റിപ്പറ്റി പല കഥകളും നാട്ടിൽ പ്രചരിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് ട്രെയിൻതട്ടി മരിച്ച സ്ത്രീയുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ കഥകളിൽ ഏറെയും. ഭർത്താവിനെ തേടി അലയുന്ന സ്ത്രീയുടെ ആത്മാവ് വഹിക്കുന്ന വിളക്കുകളാണ് ഇതെന്നും നാട്ടുകാർ വിശ്വസിക്കുകയും ചെയ്തു.
നീല, പച്ച എന്നീ നിറങ്ങളിലാണ് ചെറു പ്രകാശഗോളങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വിളകൾ പ്രത്യക്ഷപ്പെടുന്നതിനോടടുത്ത സമയങ്ങളിൽ ഇവയ്ക്ക് സമീപമുള്ള വാഹനങ്ങൾ കുലുങ്ങുന്നതും തീപ്പൊരികൾ കാണപ്പെടുന്നതുമൊക്കെ ഭയത്തിന്റെ ആക്കം കൂട്ടി. ഇതിനെല്ലാം പുറമേ വാതിലുകൾ തനിയെ അടയുന്നതും പക്ഷിമൃഗാദികൾ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീടിനുള്ളിലെ സാധനങ്ങൾ സ്വയം ചലിക്കുന്നതുമൊക്കെ പ്രേതകഥയിൽ വിശ്വസിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ ഈ പ്രേത വിളക്കുകളെക്കുറിച്ച് പലയിടങ്ങളിലായി പരാമർശിക്കപ്പെട്ടതോടെ നിജസ്ഥിതി അറിയാൻ ഗവേഷകരും മുന്നിട്ടിറങ്ങി.

ഒടുവിൽ ഇപ്പോൾ ഇവ പ്രേത വിളക്കാവില്ല മറിച്ച് ഭൂകമ്പ വിളക്കുകളാവാം എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഭൂകമ്പം ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഗോളങ്ങളുടെ ആകൃതിയിലോ തൂണുകളുടെ ആകൃതിയിലോ ചിലപ്പോൾ തീപ്പൊരികളായോ ഇത്തരത്തിൽ പ്രകാശം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിന് തൊട്ടുമുൻപോ ഭൂകമ്പം നടക്കുന്ന സമയത്തോ അതിന് തൊട്ടടുത്ത മണിക്കൂറുകളിലോ ഒക്കെ ഇത്തരം പ്രകാശങ്ങൾ കാണപ്പെടാമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിക്കുന്നു.
ഭൂകമ്പ പ്രവർത്തനങ്ങൾ വർധിക്കുന്ന സമയത്ത് മീഥെയ്ൻ, റാഡോൺ തുടങ്ങിയ ഭൂഗർഭ വാതകങ്ങൾ ഭൂമിയിൽ നിന്ന് പുറത്തേക്ക് ഒഴുകുമ്പോൾ ഉണ്ടാകുന്ന ജ്വലനമാണ് പ്രകാശഗോളങ്ങളായി കാണപ്പെടുന്നത്. 1959 ഓഗസ്റ്റിൽ സമ്മർവില്ലെയിൽ ഏറ്റവും കൂടുതൽ പ്രേത വിളക്കുകൾ കണ്ട റോഡിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെ 4.4 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം രേഖപ്പെടുത്തി. 1960 അവസാനത്തോടെ അതേ പ്രദേശത്ത് രണ്ട് ചെറിയ ഭൂകമ്പങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാൽ ഇവയ്ക്ക് പുറമേ പ്രകാശം പ്രത്യക്ഷപ്പെടുന്ന സമയങ്ങളിൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിൽ ചെറു ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടാവാം എന്നാണ് യുഎസ് ജിയോളജിക്കൽ സർവേയിലെ ഭൂകമ്പ ശാസ്ത്രജ്ഞയായ സൂസൻ ഹഫിന്റെ നിരീക്ഷണം. കാറുകൾ കുലുങ്ങുന്നതും വാതിലുകൾ അനങ്ങുന്നതും വസ്തുക്കൾ ചലിക്കുന്നതും ഇത്തരം ചെറു ഭൂകമ്പങ്ങളുടെ ഫലമായാവാം. ഭൂമിയിലെ ചെറിയ മാറ്റങ്ങൾ പോലും പക്ഷി മൃഗാദികൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുകൊണ്ടാണ് അവ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.
റെയിൽവേയ്ക്ക് സമീപത്ത് വിളക്കുകൾ അധികമായി കാണുന്നതിന് പിന്നിലെ കാരണവും ഹഫ് വിശദീകരിക്കുന്നുണ്ട്. റെയിൽവേ ലൈനിൽ സ്റ്റീൽ റെയിലുകളും സ്ക്രാപ്പ് കൂമ്പാരങ്ങളും സാധാരണയായി കാണപ്പെടാറുണ്ട്. ഭൂകമ്പത്തിൽ ഇവ ചെറുതായി ചലിക്കുമ്പോൾ സ്പാർക്കുകൾ ഉണ്ടാകുന്നതാവാം അത്. എന്നാൽ ഈ വിളക്കുകളുടെ ആകൃതിയും നിറവുമൊക്കെ മനസ്സിലാക്കാൻ കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണ്. പ്രദേശത്തു നിന്നുള്ള വാതക ഉദ്വമനത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കേണ്ടത് ഇതിന് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു.