അലറി വിളിച്ച് അമ്മ; വെള്ളത്തിൽ മുങ്ങിയ മകനെ രക്ഷിക്കുമ്പോഴേക്കും ആഴക്കടലിലേക്ക് മകൾ: മലയാളി കുടുംബത്തിന് രക്ഷകരായി ഖത്തർ അധികൃതർ

Mail This Article
ദോഹ ∙ കൺമുന്നിൽ രണ്ടു മക്കളെയും കടൽ കൊണ്ടു പോകുന്നത് നിസഹായതോടെ നോക്കി നിൽക്കേണ്ടി വരിക. ആരെ രക്ഷിക്കണമെന്നറിയാതെ തളർന്നു പോയ പിതാവ്. ഒടുവിൽ രക്ഷകരായി എത്തിയ അധികൃതരുടെ കയ്യിൽ സുരക്ഷിതരായി കുട്ടികൾ പുതു ജീവിതത്തിലേക്ക് മടങ്ങിയെത്തുക–ഇത്തരമൊരു അസാധാരണ അനുഭവത്തിന്റെ ഭീതിയിലും ഞെട്ടലിലുമാണ് ഖത്തർ പ്രവാസികളും തൃശൂർ ചാവക്കാട് സ്വദേശികളുമായ കുടുംബം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കടലിൽ കുളിക്കാൻ പോകണമെന്ന മക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഖത്തർ പ്രവാസിയായ ചാവക്കാട്ടു സ്വദേശി ദോഹയുടെ വടക്കൻ മേഖലയിലെ സിമെയ്സ്മ നോർത്ത് ബീച്ചിൽ ഭാര്യയും ഏഴു വയസ്സുകാരി മകളും 10 വയസ്സുകാരൻ മകനുമായി എത്തിയത്. മകൾക്ക് സേഫ്റ്റി വേസ്റ്റും ആം ബാൻഡും മകന് അരയിൽ ധരിക്കുന്ന സുരക്ഷാ ട്യൂബും എല്ലാം ധരിപ്പിച്ചാണ് കടലിലേക്ക് ഇറങ്ങിയത്.
രണ്ടു പേരും കടലിൽ നീന്തി കളിക്കുന്നതിനിടെയാണ് പെട്ടെന്ന് കാറ്റ് ശക്തമായത്. മകനോട് കരയിലേക്ക് പോകാൻ പറഞ്ഞിട്ടാണ് കാറ്റിൽപ്പെട്ട് ആഴങ്ങളിലേക്ക് പോകുന്ന ഏഴു വയസ്സുകാരി മകളെ രക്ഷിക്കാൻ പിതാവ് ആഴത്തിലേക്ക് നീന്തിയത്. മകളുമായി തിരികെ കരയിലേക്ക് നീന്തുന്നതിനിടെയാണ് മകൻ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് കണ്ടത്. മകനെ രക്ഷിച്ചു തിരികെ വരാമെന്ന പ്രതീക്ഷയിൽ മകളെ കൈവിട്ട് മകന്റെ അടുത്തേക്ക് നീന്തി.
മകനെ രക്ഷപ്പെടുത്തി കരയിലെത്തിച്ച് തിരികെ എത്തുമ്പോഴേക്കും കയ്യെത്തും ദൂരത്ത് നിന്ന് മകൾ വീണ്ടും അകന്നു പോയിരുന്നു. ഇതെല്ലാം കണ്ട് കരയിൽ അലറി വിളിച്ച് കരയുന്ന ഭാര്യയുടെയും അമ്മയുടെയും ശബ്ദം കേട്ടാണ് ആളുകൾ ഓടികൂടിയത്. 999 ൽ വിളിച്ച് ആളുകൾ അധികൃതരെ വിവരമറിയിച്ചു. അതിനിടെ റെസ്ക്യൂ ടീം പാഞ്ഞെത്തി മകളെ സുരക്ഷിതമായി കരയിൽ എത്തിക്കുകയായിരുന്നു.
ആംബുലൻസും പൊലീസും എല്ലാം ഓടിയെത്തി പിതാവിന്റെയും മക്കളുടെയും ആരോഗ്യം ഉറപ്പാക്കിയിട്ടാണ് മടങ്ങിയത്. കുട്ടികളുമായി നീന്താൻ ഇറങ്ങുമ്പോൾ വലിയ ജാഗ്രത വേണമെന്ന് ഓർമപ്പെടുത്തി സമൂഹമാധ്യമത്തിലൂടെയാണ് പിതാവ് അനുഭവം പങ്കുവച്ചത്. കടലിൽ നീന്താൻ ഇറങ്ങുന്നതിന് മുൻപ് കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്. തിരക്കുള്ള കടലിൽ മാത്രമേ നീന്താൻ ഇറങ്ങാവൂയെന്നും ഒരിക്കലും ഒറ്റയ്ക്ക് നീന്തരുതെന്നും കനത്ത കാറ്റുള്ളപ്പോൾ കടലിൽ ഇറങ്ങരുതെന്നും കുറിപ്പിൽ പറയുന്നു.