സന്ദർശകർക്ക് ഇനി കപ്പലിനുള്ളിലിരുന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കാം; 'മിനാകോമി'ന് തുടക്കമിട്ട് ഖത്തർ

Mail This Article
ദോഹ∙ ഖത്തറിലേക്ക് കടൽ മാർഗമെത്തുന്നവർക്ക് ഇനി പ്രവേശന നടപടികൾ വേഗത്തിൽ. പുതിയ 'മിനാകോം' ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് അധികൃതർ. രാജ്യത്തിന്റെ മറൈൻ ടൂറിസത്തിലേക്കുള്ള പ്രവേശന കവാടമായ ഓൾഡ് ദോഹ തുറമുഖത്ത് കപ്പലുകൾ, നൗകകൾ, ബോട്ടുകൾ എന്നിവയിലുൾപ്പെടെ എത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കുമെല്ലാം പ്രവേശന നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മിനാകോം.
സന്ദർശകർക്ക് പുറത്തിറങ്ങാതെ കപ്പലിനുള്ളിൽ ഇരുന്ന് തന്നെ നടപടികൾ പൂർത്തിയാക്കാമെന്നതാണ് മിനാകോമിന്റെ നേട്ടം. ഓൾഡ് ദോഹ തുറമുഖത്തിന്റെ വെബ്സൈറ്റ് മുഖേന മിനാകോം പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് ഡിജിറ്റൽ ഫോം പൂരിപ്പിക്കണം. തുടർന്ന് പോർട്ടിന്റെ അംഗീകൃത ലോജിസ്റ്റിക് ഏജന്റുമായി ഫോണിലൂടെ ബന്ധപ്പെട്ട് എല്ലാ നടപടികളും പൂർത്തിയാക്കാം.
ഖത്തർ സർക്കാർ സേവനങ്ങളിൽ ഇത്തരമൊരു പ്രവേശന നടപടിക്രമം ഇതാദ്യമാണ്. രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്ക് ലോകോത്തര നിലവാരത്തിലുള്ള മാരിടൈം ആതിഥേയത്വം ഉറപ്പാക്കി മറൈൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
മിനാകോമിന് തുടക്കമിട്ട ശേഷം ഇതുവരെ 250 സ്വകാര്യ കപ്പലുകളുടെ വരവു പോക്കുകളാണ് പൂർത്തിയാക്കിയത്. ഖത്തറിന്റെ കപ്പൽ ടൂറിസത്തിന് ആക്കം കൂട്ടുന്ന പ്രധാന കവാടമാണ് ദോഹ തുറമുഖം. 2024–2025 സീസണിൽ 87 ഭീമൻ ആഡംബര കപ്പലുകളിലായി 3,96,265 സന്ദർശകരാണ് ഖത്തറിലേക്ക് എത്തിയത്.