കുതിപ്പ് തുടർന്ന് നാളികേരം; ചൂടുപിടിച്ച് രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണി: ഇന്നത്തെ (20/5/25) അന്തിമ വില

Mail This Article
രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിൽ പാം ഓയിലും സോയാ ഓയിലും കാഴ്‌ചവയ്ക്കുന്ന മുന്നേറ്റം വെളിച്ചെണ്ണയ്‌ക്ക് ചൂട് പകരുമെന്ന നിഗമനത്തിലാണ് വ്യവസായ മേഖല. കാലവർഷത്തിന്റെ വരവോടെ സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പൂർണമായി നിലയ്‌ക്കുന്നതിനൊപ്പം കൊപ്രക്കളങ്ങളിൽ തേങ്ങ വെട്ടും സ്‌തംഭിക്കും. ഓഫ് സീസണിലെ ഉയർന്ന വില മോഹിച്ച് നാളികേരം കൊപ്രയാക്കിയ ചെറുകിട ഉൽപാദകർ മഴക്കാലത്തെ വൻ വില അടുത്ത മാസം കൈപ്പിടിയിൽ ഒതുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്. മേയ് ആദ്യം 26,400 രൂപയായിരുന്ന വെളിച്ചെണ്ണ മൂന്നാഴ്‌ച പിന്നിടുമ്പോൾ ക്വിന്റലിന് 1500 രൂപയാണ് ഉയർന്നത്. ഈ കാലയളവിൽ കൊപ്രയ്ക്ക് 1000 രൂപയും വർധിച്ചു. നിലവിൽ കേരളത്തിൽ കൊപ്ര 18,600 രൂപയിലും തമിഴ്‌നാട്ടിൽ 18,800 രൂപയിലുമാണ്. രണ്ട് സംസ്ഥാനങ്ങളിലും ഡിമാൻഡ് ശക്തമായ സാഹചര്യത്തിൽ മില്ലുകാർ വെളിച്ചെണ്ണയെ വീണ്ടും പിടിച്ച് ഉയർത്താം. കൊച്ചിയിൽ എണ്ണ വില ഇന്ന് 300 രൂപ വർധിച്ച് 27,900 രൂപയായി. ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള കൊപ്ര ഇരട്ട സെഞ്ചുറി പൂർത്തിയാക്കി കിലോ 202 രൂപയിലെത്തി.
ഏലക്ക ലേല കേന്ദ്രങ്ങൾ വാങ്ങലുകാരുടെ സജീവ സാന്നിധ്യം മെച്ചപ്പെട്ട വിലയ്‌ക്ക് അവസരം ഒരുക്കുന്നു. ഉൽപാദകമേഖലയിൽ ഇന്ന് രണ്ട് ലേലങ്ങളിലായി മൊത്തം 85,000 കിലോഗ്രാം ചരക്കാണ് വിൽപ്പനയ്‌ക്ക് ഇറങ്ങിയത്. കാലവർഷം പടിവാതിൽക്കൽ എത്തിയതോടെ മധ്യവർത്തികൾ കരുതൽ ശേഖരത്തിലെ ചരക്ക് വിറ്റുമാറാൻ ഉത്സാഹിക്കുന്നുണ്ട്. അതേസമയം രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽനിന്നും ഏലത്തിന് അന്വേഷണങ്ങളെത്തുന്നത് ചരക്കിറക്കാൻ വൻകിട കർഷകരെയും പ്രേരിപ്പിച്ചു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ ഒരു മാസത്തിനകം പുതിയ ഏലക്ക വിൽപ്പനയ്‌ക്ക് ഇറങ്ങുമെന്ന സൂചനയാണ് ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭ്യമാവുന്നത്. കയറ്റുമതിക്കാരും ഉൽപന്നം വാരികൂട്ടാൻ മത്സരിച്ചു. ഗ്വാട്ടിമലയുടെ അസാന്നിധ്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഇന്ത്യൻ ഏലത്തിന് ആവശ്യം വർധിക്കാം.

റബർ അവധി വിലകളിലെ ചാഞ്ചാട്ടം കണ്ട് തായ്‌ലൻഡിലെ സ്‌റ്റോക്കിസ്‌റ്റുകൾ വിൽപനയ്‌ക്ക് നീക്കം തുടങ്ങിയതായാണ് പിന്നിട്ട രണ്ട് ദിവസത്തെ വിപണിയുടെ ചലനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇന്നലെ കിലോയ്ക്ക് 201 രൂപയിൽ ഇടപാടുകൾ നടന്ന ബാങ്കോക്കിൽ ഇന്ന് ഉൽപന്നത്തിന് 200 ലെ നിർണായക താങ്ങ് നഷ്‌ടപ്പെട്ട അവസ്ഥയിലാണ്. തായ്‌ലൻഡിലെ വൻകിട സ്‌റ്റോക്കിസ്‌റ്റുകൾ മുന്നിലുള്ള ദിവസങ്ങളിൽ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാവും ബാങ്കോക്ക് വിപണി ഈ വാരം നീങ്ങുക. ജപ്പാൻ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിൽ റബർ അവധി വിലകൾ നേരിയ റേഞ്ചിലാണ് ഇടപാടുകൾ നടക്കുന്നത്. ജപ്പാനിൽ കിലോ 328 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 318 യെന്നിലാണ്, 317 യെന്നിലെ താങ്ങ് നിർണായകം.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക