അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമി; ഭാഗം വയ്ക്കണമെന്ന് മക്കൾ, 'കാശു വാങ്ങി എല്ലാവർക്കും ഇഷ്ടമുള്ളിടത്തേക്ക് പോകാം...'

Mail This Article
തെറ്റിദ്ധരിക്കേണ്ട, സ്വർഗ്ഗം എന്നത് ഒരു വീട്ടുപേരാണ്. വിശാല പുഞ്ചപ്പാടത്തിനോട് ചേർന്ന് കിടക്കുന്നതാണ് സ്വർഗ്ഗം എന്ന വലിയ വീടും പറമ്പും. പണ്ട് ആ വീട്ടിൽ ഒരച്ഛനും അമ്മയും അഞ്ച് ആണ്മക്കളും നാലു പെൺമക്കളും ഉണ്ടായിരുന്നു. കഠിനാധ്വാനികൾ. പാടത്ത് നിന്ന് പൊന്നു വിളയിച്ചു അവർ അവരുടെ സ്വർഗ്ഗത്തിലെ പത്തായങ്ങൾ നിറച്ചു. സന്തോഷവും സമാധാനവും ഐശ്വര്യവും അവിടെ നിറഞ്ഞു നിന്നു. ആ വീട്ടിലിരുന്നാൽ വേലികളില്ലാത്ത അതിര് കടന്ന് പുഞ്ചപ്പാടം മുഴുവൻ കാണാം. പാടത്തിന്നപ്പുറത്ത് ഉയർന്നു വരുന്ന സൂര്യോദയം കാണാം. വൈകുന്നേരങ്ങളിൽ അസ്തമയത്തിന്റെ ചുവപ്പ് നിറം ആകാശത്തിൽ മിന്നിമറയുന്നത് കാണാം. മറുകരയിൽ വീടുകളിൽ തെളിയിക്കുന്ന വിളക്കുകൾ കാണാം. ആ വീടിന്റെ പൂമുഖത്ത് തിണ്ണയിൽ കിടന്നാൽ ഉറങ്ങിപ്പോകുന്നതേ അറിയില്ല.
വിശാലപുഞ്ചപ്പാടത്ത് നടക്കുന്ന എല്ലാ കൃഷിയും അവിടെയിരുന്നാൽ കാണാം. പുഞ്ചപ്പാടത്തെ വെള്ളം വറ്റുന്നതും, മീൻ പിടിക്കുന്നതും. വയലുകൾ വിത്തുപാകാൻ ഉഴുതു മറിക്കുന്നതും, ഞാറുകൾ ഉയർന്നു വരുന്നതും. നെല്ലിന് കതിര് വെക്കുന്നതും, പഴുത്തു പാകമായി കൊയ്തെടുത്തു ആ പറമ്പിലൂടെയാണ് പലപല വീടുകളിലേക്ക് നെല്ലുകറ്റകൾ തലച്ചുമടായി കൊണ്ടുപോയിരുന്നത്. വഴികളെല്ലാം നടവഴികൾ ആയിരുന്നു. മനുഷ്യപാദങ്ങൾ ചലിച്ചു ചലിച്ചു തെളിഞ്ഞു വന്ന വഴികൾ. മൂത്തു പാകമായ നെല്ലിന്റെ മണം അപ്പോൾ എല്ലാ മനുഷ്യരിലും നിറഞ്ഞു നിന്നിരുന്നു. അന്നൊക്കെ ആളുകൾക്ക് അത്യാഗ്രഹങ്ങൾ കുറവായിരുന്നു. ഭൂരിപക്ഷം പണിക്കാരും ആ വീടിന്റെ വിവിധ മരത്തണലുകൾക്ക് താഴെയാണ് ഭക്ഷണം കഴിച്ചിരുന്നതും, വിശ്രമിച്ചിരുന്നതും. അവർക്കു വേണ്ടി ആരും പറയാതെ അന്ന് ഇളംകാറ്റ് വീശുമായിരുന്നു. വിശാലപുഞ്ചപ്പാടത്തിലേക്കുള്ള ഒരേ ഒരു വലിയ വഴി ആ പറമ്പിലൂടെ ആയിരുന്നു.
മക്കൾ വലുതായി, പെൺകുട്ടികൾ കല്യാണം കഴിച്ചുപോയി. പറമ്പു ഭാഗം വെക്കണം. ഏറ്റവും ഇളയവനാണ് പറഞ്ഞത്. വലിയൊരു പാർട്ടിയുണ്ട്. അവർക്ക് ഇവിടെ വലിയ കെട്ടിട സമുച്ചയങ്ങൾ പണിയാൻ പദ്ധതിയുണ്ടത്രേ. ഭൂമി മതി, ബാക്കിയെല്ലാം അവർ നോക്കിക്കോളും. കാശു വാങ്ങി നമുക്കിഷ്ടമുള്ളിടത്തേക്ക് പോകാം. മൂത്തയാൾ പറഞ്ഞു, അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമി വിട്ടു കൊടുക്കാനാവില്ല. ഇനി ചേട്ടനും ഞാനുമൊക്കെ മരിക്കുമ്പോൾ വീട്ടിൽ ചിത വെക്കില്ല, എല്ലാം ഇലക്ട്രിക്ക് ശ്മാശാനങ്ങളിലേക്ക് മാറിക്കഴിഞ്ഞു. കാലം മാറുകയാണ് ചേട്ടൻ. ആർക്കും ഒന്നും എല്ലാകാലവും കൈവശം വെക്കാൻ ആകില്ല. എല്ലാവർക്കും കാശല്ലേ വേണ്ടത്. അതവർ ഒന്നിച്ചു തരികയും ചെയ്യും. ഇനി ഇത് വെട്ടിമുറിച്ചു കഷണങ്ങളായി വിൽക്കാനൊക്കെ ഒരുപക്ഷേ നമ്മുടെ ജീവിതകാലം മുഴുവൻ കാത്തിരിക്കേണ്ടി വരും. എല്ലാവരും ഭാഗ്യാന്വേഷികൾ ആയിരുന്നു.
പദ്ധതി തുടങ്ങുന്നവർ ആ പദ്ധതിക്ക് അതേ പേര് സ്വീകരിച്ചു, സ്വർഗ്ഗം. ആദ്യ ദിവസംതന്നെ അവർ പുഞ്ചപ്പാടത്തേക്കുള്ള വഴി മതിലുകെട്ടി അടച്ചു. പുഞ്ചപ്പാടത്തേക്ക് പോകാൻ നാട്ടുകാർ വളഞ്ഞു തിരിഞ്ഞു മറ്റു ചെറിയ വഴികൾ തേടി നടന്നു. വലിയ പദ്ധതികൾ നടപ്പിലാക്കുന്ന ആ കമ്പനിയോട് കൂറ് പ്രഖ്യാപിച്ചിരിക്കുന്ന ഭരണവ്യവസ്ഥകൾ നാട്ടുകാർക്ക് ഒന്നും ചെയ്തു തരില്ലെന്ന് അവർക്കുറപ്പായിരുന്നു. ആ പറമ്പിൽ ഉണ്ടായിരുന്ന വലിയ മരങ്ങൾ വെട്ടിമാറ്റപ്പെട്ടു. വളരെ വേഗത്തിൽ കെട്ടിടങ്ങൾ ഉയർന്നു വന്നു. പഴയ വഴികൾ ഓർത്തുവന്ന കർഷകരെ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിലെ വഴിയില്ലെന്ന് അറിയിച്ചു തിരിച്ചയച്ചു. ചുറ്റി വളഞ്ഞു വിശാലപുഞ്ചപ്പാടത്തെത്തിയ കർഷകർ സ്വയം പിറുപിറുത്തു. സ്വർഗ്ഗത്തിലേക്കുള്ള വഴി ആരോ അടച്ചിരിക്കുന്നു.