ഇനി ഇ–സമൻസ്: സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും ഇമെയിലിലും കോടതി സമൻസ് നൽകുന്നതു സംബന്ധിച്ച ചട്ടങ്ങളായി

Mail This Article
കൊച്ചി ∙ പൂമുഖവാതിലിലും ഭിത്തിയിലും കോടതിയുടെ സമൻസ് പതിക്കുന്ന പൊലീസിന്റെ ഏർപ്പാട് പൂർണമായി അവസാനിപ്പിക്കുന്നു. സമൂഹമാധ്യമ അക്കൗണ്ടും ഇമെയിലും വഴി സമൻസ് നൽകുന്നതു ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) വകുപ്പുകൾ പ്രകാരം ഔദ്യോഗികമാക്കാനുള്ള ചട്ടങ്ങൾ സർക്കാർ രൂപീകരിച്ചു. ഇതു സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും നൽകി.
കേരള പ്രൊസീജ്യർ ഫോർ സർവീസ് ഓഫ് സമൻസ് റൂൾസ് – 2025 എന്നാണു ചട്ടത്തിന്റെ പേര്. സമൻസ് ലഭിക്കേണ്ടയാളുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച ഒരു ഫോൺ നമ്പർ നിലവിലുണ്ടെങ്കിൽ ഈ നമ്പർ വഴി ലഭിക്കുന്ന ഏതു സമൻസും ഇനി മുതൽ ഔദ്യോഗികമാണ്. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി നൽകുന്ന കോടതി സമൻസിന്റെ ഒരു പകർപ്പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സമൻസ് റജിസ്റ്ററിൽ ചട്ടം– നാല് അനുസരിച്ചു സൂക്ഷിക്കണം. ഏതു മാർഗത്തിലൂടെയാണു സമൻസ് നൽകിയതെന്നും ഇതിൽ രേഖപ്പെടുത്തണം. ഇതോടെ സമൻസ് നൽകാനുള്ള പൊലീസിന്റെ ഉത്തരവാദിത്തം പൂർണമാവും. ഇത്തരത്തിൽ ലഭിക്കുന്ന സമൻസ് അനുസരിച്ചു കോടതിയിൽ ഹാജരാകുന്നതു കക്ഷിയുടെ ഉത്തരവാദിത്തമാണ്.സ്വന്തമായി ഫോൺ നമ്പറോ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളോ ഇമെയിൽ അഡ്രസോ ഇല്ലാത്തവർക്കു മാത്രം തുടർന്നും പേപ്പർ സമൻസ് ലഭിക്കും.
ഇലക്ട്രോണിക് മാധ്യമം വഴി സമൻസ് ലഭിച്ചാലും പേപ്പർ സമൻസ് ലഭിച്ചാൽ മാത്രം കോടതിയിൽ ഹാജരായാൽ മതിയെന്ന നിലപാടു സ്വീകരിക്കാൻ ഇനി കക്ഷികൾക്കും കഴിയില്ല. സമൻസ് ലഭിച്ചതിന്റെ കൈപ്പറ്റ് രസീത് കോടതി ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഹാജരാക്കണം. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് നൽകിയതിന്റെ സ്ക്രീൻ ഷോട്ടിനും കൈപ്പറ്റ് രസീതിന്റെ തെളിവുമൂല്യമുണ്ട്. കോടതിയിൽ നിന്നു നൽകുന്ന സമൻസിൽ സീലും ഡിജിറ്റൽ സിഗ്‍നേച്ചറും ബന്ധപ്പെട്ട കോടതി ഉദ്യോഗസ്ഥനും ഉറപ്പാക്കണം. ഇതോടെ സമൻസ് ലഭിക്കാത്തതു മൂലം കക്ഷിക്കെതിരെ വാറന്റും അറസ്റ്റുമുണ്ടാവുന്ന ബുദ്ധിമുട്ടുകളും വിചാരണ നടപടികൾക്കുണ്ടാവുന്ന അനാവശ്യ കാലതാമസവും പൂർണമായി ഒഴിവാകും.