സീ സ്കിമ്മിങ് മിസൈൽ വേധ സംവിധാനം പരീക്ഷിച്ച് നാവികസേന; ശക്തി തെളിയിച്ചത് പാക് പ്രകോപനത്തിനു പിന്നാലെ

Mail This Article
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ ആയുധ പരീക്ഷണം നടത്തി ഇന്ത്യൻ ശക്തിപ്രകടനം. മധ്യദൂര ഉപരിതല–വ്യോമ മിസൈൽ സംവിധാനം (എംആർ–സാം) ഉപയോഗിച്ച് ‘സീ സ്കിമിങ്’ മിസൈലുകളെ തകർക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. അറബിക്കടലായിരുന്നു പരീക്ഷണവേദി.
ശത്രുപക്ഷത്തിന്റെ റഡാറുകളുടെയും ഇൻഫ്രാറെഡിന്റെയും കണ്ണുവെട്ടിക്കാൻ മിസൈലുകൾ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ വേഗത്തിൽ പറക്കുന്ന രീതിയെയാണ് സീ സ്കിമ്മിങ്. ഇത്തരത്തിൽ പായുന്ന മിസൈലുകളെ എംആർ–സാം സംവിധാനത്തിലൂടെ തകർക്കാനുള്ള ശേഷിയാണ് നാവികസേന ആർജിച്ചത്.
കറാച്ചിയിൽ നിന്നു മിസൈൽ പരീക്ഷണം നടത്തുമെന്നു പാക്കിസ്ഥാൻ പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം. സീ സ്കിമ്മിങ് വേധ മിസൈൽ പരീക്ഷണ വിജയം ഇന്ത്യൻ നാവികസേനയ്ക്ക് തന്ത്രപ്രധാനമായ നാഴികക്കല്ലാകും. ഇസ്രയേലുമായി ചേർന്ന് വികസിപ്പിച്ചെടുത്ത എംആർ–സാം സംവിധാനത്തിന് 70 കിലോമീറ്റർ വരെയാണ് പ്രഹരശേഷി.
തദ്ദേശീയ യുദ്ധക്കപ്പലുകളുടെ രൂപകൽപനയിലും വികസനത്തിലും പ്രവർത്തനത്തിലും നാവികസേനയ്ക്കുള്ള കരുത്ത് തെളിയിക്കുന്നതാണ് ഈ വിജയമെന്ന് നാവികസേന പറഞ്ഞു.