‘തിരമാലകൾക്ക് മുകളിലും താഴെയും കുറുകെയും’; ‘ത്രിശൂല’ത്തിന്റെ ചിത്രം പങ്കുവച്ച് നാവികസേന

Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാനുമായുള്ള ഭിന്നത മൂർധന്യത്തിലെത്തിയിരിക്കെ കരുത്ത് തെളിയിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് നാവികസേന. നാവികസേനയുടെ കരുത്തിന്റെ ‘ത്രിശൂലം’ എന്ന തലക്കെട്ടിൽ നേവിയുടെ യുദ്ധക്കപ്പൽ, മുങ്ങിക്കപ്പൽ, ഹെലികോപ്റ്റർ എന്നിവ സമുദ്രമേഖലയിൽ നിരീക്ഷണം നടത്തുന്നതിന്റെ ചിത്രമാണ് എക്സിൽ പങ്കുവച്ചത്.
നേവിയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്ത, അത്യാധുനിക ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് (എഎൽഎച്ച്), സ്കോർപിയൻ ശ്രേണിയിലുള്ള മുങ്ങിക്കപ്പൽ എന്നിവയാണ് ചിത്രത്തിലുള്ളത്. ‘ നാവികശക്തിയുടെ ത്രിശൂലം–തിരമാലകൾക്ക് മുകളിലും താഴെയും കുറുകെയും’ എന്നും നാവികസേന ചിത്രത്തിനൊപ്പം കുറിച്ചു. അതേസമയം, ഇത് പഴയ ചിത്രമാണെന്നാണ് അനുമാനം. സുരക്ഷാ ആശങ്കകളെ തുടർന്ന് ധ്രുവ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് നാവികസേന ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ധ്രുവ് ഉപയോഗിക്കാൻ വീണ്ടും അനുമതി ലഭിച്ചത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ–പാക് അതിർത്തിയിൽ യുദ്ധസാഹചര്യം ഉരുണ്ടുകൂടുന്നതിനിടെയാണ് നാവികസേനയുടെ ചിത്രം ചർച്ചയാകുന്നത്.