ബഹിരാകാശത്ത് യോഗ, ഇന്ത്യൻ ഭക്ഷണം...; ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ’ സ്വപ്നം കണ്ട് ശുഭാംശുവിന്റെ യാത്ര; എന്താണ് ആക്സിയോം–4?

Mail This Article
രണ്ടാം സ്ഥാനക്കാര്‍ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്‌പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.