‘ചപ്പാത്തി, കടലക്കറി, മുട്ട, ഇറച്ചിക്കറി’; 5 ദീർഘദൂര ട്രെയിനുകളിലെ ഭക്ഷണ വിതരണവും പൂട്ടിച്ച കാറ്ററിങ് സ്ഥാപനത്തിൽ നിന്ന്

Mail This Article
കൊച്ചി∙ വന്ദേഭാരത് മാത്രമല്ല കേരളത്തിലൂടെ ഓടുന്ന മറ്റ് 5 ദീർഘദൂര ട്രെയിനുകളിലും ഭക്ഷണം വിതരണം ചെയ്തിരുന്നത് കൊച്ചിയിൽ ഇന്ന് പൂട്ടിച്ച കാറ്ററിങ് സ്ഥാപനത്തിൽനിന്നാണ്. വൃത്തിഹീനമായ അന്തരീക്ഷവും പഴകിയ ഭക്ഷണ സാധനങ്ങളും കൊച്ചി കോർപറേഷന്റെ ലൈസൻസ് ഇല്ലാത്തതും ചൂണ്ടിക്കാട്ടി കോർപറേഷന്റെ ആരോഗ്യവിഭാഗം കടവന്ത്രയിലുള്ള കാറ്ററിങ് സ്ഥാപനം ഇന്നു പൂട്ടി മുദ്രവച്ചിരുന്നു. കിലോക്കണക്കിനു ഭക്ഷ്യവസ്തുക്കളാണ് ഇന്ന് ആരോഗ്യവിഭാഗം പിടിച്ചെടുത്തിട്ടുള്ളത്. ഏറെ നാളായി ഉയരുന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന.
അതിനിടെ, വന്ദേഭാരതിലും മറ്റു ട്രെയിനുകളിലും ഭക്ഷണം വിതരണം ചെയ്യാന്‍ കരാര്‍ എടുത്ത സ്ഥാപനത്തിന്റെ കൊച്ചിയിലെ പാചകശാലയില്‍നിന്നു പഴകിയ ഭക്ഷണം പിടിച്ച സാഹചര്യത്തില്‍ പാചകശാല അടച്ചുപൂട്ടാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ക്കുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കേരള എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, കന്യാകുമാരി – പുണെ ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ് എന്നിവയ്ക്ക് ഈ കാറ്ററിങ് സ്ഥാപനത്തിൽനിന്നാണു ഭക്ഷണം എത്തിച്ചിരുന്നത്. രാവിലെ 7 മുതൽ രാത്രി 8 വരെയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരുടെ മേല്‍നോട്ടത്തിനായി ഒരാളെയും കമ്പനി നിയോഗിച്ചിരുന്നു. മാസത്തിൽ രണ്ടോ മൂന്നോ പേർ ഇത്തരത്തിൽ ചുമതലക്കാരായി മാറി വരാറുണ്ട്.
പാകം ചെയ്ത ഭക്ഷണം തുറന്നുവച്ച അവസ്ഥയിലും വൃത്തിഹീനമായ അന്തരീക്ഷത്തിലുമാണെന്നു കണ്ടത്തി. സ്ഥാപനത്തിലെ മലിനജലം പൊതുതോട്ടിലേക്ക് ഒഴുക്കി, കോർപറേഷൻ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.വി.സുരേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.െക.ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം സ്ഥാപനം പൂട്ടി മുദ്രവച്ചത്. നശിപ്പിക്കാനായി പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ ഇവയാണ്.
ചപ്പാത്തി – 300
ദാൽ – 20 കിലോ
കടലക്കറി – 15 ലീറ്റർ
കുറുമ – 10 ലീറ്റർ
മസാല (പാചകം ചെയ്തത്) – 10 കിലോ
മുട്ട (പുഴുങ്ങിയത്) – 300 എണ്ണം
ചിക്കൻ കറി – 10 കിലോ
കോഴി ഇറച്ചി – 42 കിലോ
സോയാബീൻ – 1 ചാക്ക് (50 കിലോ)
മൂന്നു മാസം മുമ്പും ഈ സ്ഥാപനത്തിനെതിരെ പരിസരവാസികൾ പരാതിപ്പെട്ടിരുന്നു. പിന്നീടു കഴിഞ്ഞ മാസം ആരോഗ്യവിഭാഗം അധികൃതരെത്തി പരിശോധന നടത്തുകയും 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. കോർപറേഷൻ ലൈസൻസ് ഇല്ലാത്തതിനാൽ ഇത് എടുക്കാനും നിർദേശം നൽകിയിരുന്നു എന്നാണ് വിവരം. എന്നാൽ ഇതുവരെയും സ്ഥാപനം കോർപറേഷൻ ലൈസൻസ് എടുത്തിട്ടില്ല.